എന്‍റെ വായനകളും, പഠനങ്ങളും ഒട്ടു മിക്കവാറും Bolghatty പാലസിലെ ഇല്ലി ചോട്ടിലോ മൂളി മര ചോട്ടിലോ ആവും സാധാരണ. അന്നും ഞാനെന്‍റെ പുസ്തകങ്ങളുമായി എന്‍റെ പ്രിയ സ്ഥാനത്ത് ആവിഷ്ടനായി എന്റെതായ ലോകത്തങ്ങിനെ പല പല ചിന്തകളും (ദിവാ)സ്വപ്നങ്ങളും, diminishing returns ന്‍റെ കയ്പ്പേറിയ ലോകത്ത് മുങ്ങി താണും, പല പല രസമുള്ള കാഴ്ചകള്‍ കാണ്ടുമങ്ങിനെ പാതി മയങ്ങുമ്പോള്‍ കണ്ടു അധികം ദൂരെയല്ലാതെ മണിയന്‍ പുല്ലു വെട്ടുന്നു. അവനെന്നെ കണ്ടിട്ടുണ്ടാവണം, പുസ്തകം കയ്യിലുണ്ടായത് കൊണ്ടാവണം അടുക്കാഞ്ഞത്. ഇല്ലെങ്കില്‍ വന്നേനെ കല പില പറഞ്ഞു കത്തി വെയ്ക്കാന്‍. എന്ത് പണിയും ചെയ്യും, പ്രധാനമായും ഗോള്‍ഫ് കളിക്കാരുടെ ബാഗ് ചുമക്കലും ബോള്‍ പെറുക്കലുമാണ് ഇഷ്ട തൊഴില്‍. ഓരോരുത്തനും സ്ഥിരം പാര്‍ടികളുണ്ട്. ചിലര്‍ക്ക് സായിപ്പന്മാര്‍ ചിലര്‍ക്ക് നാടന്‍ സായിപ്പന്മാര്‍. എല്ലാ സഹായവും ചെയ്തു കൊടുക്കും. ബോള്‍ കുളത്തിലോ പുഴയിലോ പോയാല്‍ ഉടന്‍ ചാടി മുങ്ങിയെടുക്കും, യാതൊരു വിധ ഉപദ്രവങ്ങളും ഏക്കാതെ നോക്കും. Bolghatty എന്ന കേള്‍ക്കാന്‍ ഇമ്പമുള്ള പേരിനു പുറകില്‍ രസമുള്ളൊരു കഥയുണ്ട്. തലമുറകള്‍ക്ക് മുന്‍പ് സായിപ്പന്മാര്‍ ഗോള്‍ഫ് കളിയ്ക്കാന്‍ വരുമ്പോള്‍ സ്ഥലവാസികള്‍ ബോള്‍ കാട്ടാന്‍ കൂടെ കൂടാന്‍ സകല ആങ്ങ്യങ്ങളും കാണിച്ചു ചോദിക്കും സര്‍, സര്‍ 'ബോള്‍ കാട്ടി ഞാന്‍ 'ബോള്‍ കാട്ടി'.. 'Oh this is bolghatti' അങ്ങിനെ സായിപ്പിട്ട പേരാണ് ബോള്‍ഗാട്ടി. ഇവിടെയുള്ളവരെ ഏതു ക്ലാസ്സില്‍ പെടുത്തണം എന്നെനിക്ക് ഇപ്പോഴുമറിയില്ല. ഒന്നറിയാം വര്‍ണ ഭേദങ്ങളില്ലാത്ത (സവര്‍ണരില്ലാത്ത) അല്ലെങ്കില്‍ അവരെ പോലെ നടിക്കുന്നവരില്ലാത്ത ഒരു നാടാണിത്. മണിയന്‍റെ ജാതി ഏതെന്ന് എനിക്കിപ്പോഴും അറിയല്ല. അവന്‍റെ ഏട്ടന്‍ എന്‍റെ ഒപ്പമാണ് ഏഴു വരെ പഠിച്ചത്. എന്‍റെ അമ്മ സ്ഥലത്തെ സ്കൂള്‍ ടീച്ചര്‍, എന്നെ പഠിപ്പിക്കുന്നതിലും കൂടുതല്‍ നാട്ടിലെ കുട്ടികളെ പടിപ്പിക്കുന്നതിലയിരുന്നു താല്‍പ്പര്യം. (DHRM സഹോദരങ്ങളെ.. നിങ്ങള്‍ ഞങ്ങളുടെ നാട്ടിലായിരുന്നെങ്കില്‍ നിങ്ങളൊരിക്കലും വഴിതെറ്റില്ലായിരുന്നു!).
ചെറിയൊരു ബഹളം കേട്ട് ഞാനെന്‍റെ സ്വപ്ന ലോകത്തുനിന്നും വഴുതി വീണു. മണിയന്‍റെ ഭാഗത്തുനിന്നാണ്, അവിടെ ഒരു ഡല്‍ഹിക്കാരന്‍ ആര്‍മി majer-ഉം കുടുംബവും അവരുടെതായ ലോകത്ത് ഭക്ഷണവും കളിയും ചിരിയുമോക്കെയായി കഴിയുന്നതിനിടെ ചില എമ്പോക്കി കള്ള് സംഘം അവരെ കമന്ടടിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാവണം. മണിയന്‍ ഏറ്റു പിടിച്ചിട്ടുണ്ട്. ഇവിടെ വരുന്നവരെ ശല്യം ചെയ്യുന്നത് അവനു പിടിക്കില്ല. എന്‍റെ കോളേജിലെ കൂട്ടുകാര്‍കിടയിലും മണിയന് നല്ല ഇമേജ് ആണ്. ഒരിക്കല്‍ Sridhar-ല്‍ ഏതോ ഒരു സിനിമയുടെ ഹാഫ് ടൈമില്‍ എന്‍റെ ഫ്രണ്ട്സും, ഞാനന്ന് കൂടെയില്ലയിരുന്നു - വേറെ ഏതോ ടീമായിട്ടോന്നു കോര്‍ത്തപ്പോള്‍ മണിയന്‍ സെക്കന്റ് ക്ലാസ്സില്‍ നിന്നും കസേരകള്‍ക്ക് മുകളിലൂടെ കൊടുംകാറ്റു പോലൊരു വരവ് വന്നു. എന്നും അക്കാര്യം പറയുമ്പോള്‍ മണിയനെ കുറിച്ചവര്‍ക്ക് നൂറു നാവാണ്. പക്ഷെ പ്രശ്നമതല്ല, പിന്നെ എവിടെ വെച്ചു ഞങ്ങളെ കണ്ടാലും മണിയന്‍ ചെയ്യുന്ന ജോലിയൊക്കെ മാറ്റിവെച്ചു ഞങ്ങളുടെ കൂടെ കൂടും, പിന്നെ സ്നേഹ പ്രകടനങ്ങളുടെ പ്രളയമാണ്. കെട്ടി പിടിക്കും, ഉമ്മ വെയ്ക്കും, ഞങ്ങളിലൊരാള്‍ ആവും. ഉച്ചത്തില്‍ എടാ പോടാ വിളിക്കും. വലിച്ചു കൊണ്ടിരുന്ന ഭാരവണ്ടി സൈഡില്‍ പാര്‍ക് ചെയ്തിട്ടവും ഈ പ്രകടനമൊക്കെ. ചില അക്ഷര വരേണ്യ വര്‍ഗത്തിലെ കൂട്ടുകാര്‍ നെറ്റി ചുളിച്ചെന്നെ നോക്കുമ്പോള്‍ ഞാനവനെ ശകാരിക്കും. എടാ മണിയാ പോയി ഏറ്റ പണി തീര്‍ത്തിട്ട് വാടാ.. അപ്പോളവന്‍ പറയും ഞാനവന്‍റെ സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്നോണം 'താന്‍ പോടോ ഞാനെനിക്ക് തോന്നുമ്പോ പണി തീര്‍ക്കും'. അവസാനം ഞാന്‍ അറ്റ കൈയ്ക്ക് കൂട്ടുകാരോടെന്നോണം പറയും 'ലാസ്റ്റ് hour A.V. Paul സാറിന്റെതാണ് മിസ്സാക്കണ്ട വാ ക്ലാസില്‍ പോകാം'. അത് കേള്‍ക്കുമ്പോള്‍ വാടിയ മുഖത്തോടെ ചിരി വരുത്തി അവന്‍ പറയും 'എന്നാല്‍ ചെല്ല് ക്ലാസ് കളയണ്ട'. ഞങ്ങള്‍ ക്ലാസ്സിലെയ്ക്കെന്ന വ്യാജേനെ നടന്നു U-turn അടിച്ച് തിരിയെ വരുമ്പോള്‍ കാണാം മണിയന്‍ മനസില്ല മനസ്സോടെ വണ്ടിയും വലിച്ചു പോവുന്നത്.
ഞാനെന്‍റെ പുസ്തക ലോകത്തേയ്ക്ക് തിരികെ കയറും മുന്പതാ മണിയനുണ്ട് മുന്‍പില്‍. 'എടാ ചാണ്ടി' അതാണെന്‍റെ ഇരട്ട പേര് അവനെന്നെ എടാ ന്നാണോ എടൊ ന്നാണോ വിളിച്ചത് ആ.. ചിലപ്പോ രണ്ടും വിളിക്കും, 'ധവന്മാരവിടെ പ്രശ്നമുണ്ടാക്കുന്നു താനൊന്നു വന്നെ'. പപ്പക്ക് പണിയാണ്.. എന്നെ ശല്യപ്പെടുത്തിയതിന്‍റെ ചെറിയൊരു നീരസത്തോടെ അവന്റെ മുഖത്തേക്ക് നോക്കി മുറുമുറുത്തു. മണിയന്‍ വിടുന്ന മട്ടില്ല ചെന്നെ പറ്റു. 'നിനക്ക് ഒതുക്കവുന്നതല്ലേ ഉള്ളു?' ഞാനെന്‍റെ പുസ്തകമൊക്കെ മടക്കി ചോദിച്ചു. 'അവന്മാര് പറഞ്ഞിട്ട് കേള്‍ക്കുന്നില്ല..' അവന്‍ പറഞ്ഞു. ശരി വാ.. നീയാ വാക്കത്തി ഇവിടെ ഇട്ടെയ്ക്ക്. നിന്റെ കയ്യിലതുണ്ടെങ്കില്‍ വെറുതെ പണിയാകും. മുണ്ട് മടക്കി കുത്താതെ മുന്‍പേ നടന്നു. പറഞ്ഞാല്‍ തീരുമെങ്കില്‍ തീരട്ടെയെന്ന് കരുതി. നല്ല കള്ളിലാണ് സംഘം, അഞ്ചാറ് എണ്ണമേ ഉള്ളു. വരവ് പിടിച്ചിട്ടില്ല എങ്കിലും മയത്തോടെ പറഞ്ഞു. 'മാഷെ അവരെ ഉപദ്രവിക്കരുത് ഇവിടെ സ്ഥിരം വരുന്നവരാണ്..' 'നീയാരാടാ അത് ചോദിക്കാന്‍..' പിന്നെ കുറെ അസംസ്കൃതവും.. മണിയന്‍ പിന്നില്‍ നിന്നും ചാടി വീണു പണി തുടങ്ങി. ഞാന്‍ പയ്യെ ശകലം പിറകോട്ടു മാറി മണിയന് space ഇട്ടു കൊടുത്തു. പിന്നെ തിരികെ എന്‍റെ ലോകത്തേക്ക് സ്ലോ മോഷനില്‍ സുരേഷ് ഗോപി സ്റ്റൈലില്‍ നടക്കുമ്പോള്‍ പുറകിലെ വിസ്ഫോടനത്തിന്റ്റെ മനസ്സുഖത്തില്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു..
'he needed a trigger n i jus did that'.