Saturday, October 24, 2009

ഒച്ചായെ ഓച്ച..

1983, osibisa യുടെ India tour ലെ എറണാകുളത്തെ പരിപാടി ദിവസം.


ഗാങ്ങില്‍ എല്ലാവരും excited ആയിരുന്നു. എങ്കിലും ഒരുമിച്ചൊരു പോക്ക് അസാധ്യമായിരുന്നത് കൊണ്ട് (ഒടുക്കത്തെ security പ്രതീക്ഷിച്ചിരുന്നു) എല്ലാവരും പല വഴിക്ക് നീങ്ങി. അല്ലെങ്കിലും ഒരു പ്രോഗ്രാമിനും ടിക്കറ്റ്‌ എടുക്കുന്ന പണി പണ്ടേ ഇല്ല. ഞാനും മുരളിയും, അവനൊരു അര കരുതിയിരുന്നു - പയ്യെ refinary പൈപ്പ് കളുടെ ഇടയില്‍ ഇരുന്നു സാവകാശം മിനുങ്ങാനുള്ള വട്ടമൊരുക്കി. അവന്‍ crpf ഹിന്ദിക്കാരനെ മണിയടിച്ച് ഒരു സ്മോളും ഓഫര്‍ചെയ്ത് ഗ്ലാസും വെള്ളവും സംഘടിപ്പിച്ചു. ആരെയും വാചകമടിച്ചു വീഴ്ത്താന്‍ ബഹു കേമനയിരുന്നവന്‍.


ആഫ്രിക്കന്‍ ദ്രുതതാളം തുടങ്ങി കഴിഞ്ഞിരുന്നു. എന്തൊരു ബീറ്റ്‌ ആണ്, 50000 watt എങ്കിലും കാണും സ്പീക്കര്‍ പവര്‍. നെഞ്ചു കിലുങ്ങുന്ന താളം വൈപ്പിന്‍ കരയിലിരുന്നും കേള്‍ക്കാന്‍ പറ്റുമായിരുന്നിരിക്കണം. രാജേന്ദ്ര മൈതാനിയിലെ ഓപ്പണ്‍ എയര്‍ സ്റ്റേഡിയത്തില്‍ എന്തെ വെച്ചതാവോ. എങ്കിലും കായല്‍ക്കരയിലെ ജലകണങ്ങളും സകല പുല്കൊടികളും വരെ ത്രസിക്കുന്നുണ്ടായിരുന്നു. അന്ന് വരെ കേട്ടു കേള്‍വി മാത്രം ഉണ്ടായിരുന്ന ഒരുതരം ഗ്രാന്‍ഡ്‌ ഫീയസ്ട ambience. പൊടിപാറും മോനെ.., പക്ഷെ എങ്ങിനെ കയറിക്കൂടും? പൈപ്പ് കള്‍ക്കിടയിലൂടെ കാണാമായിരുന്നു പല പല പൊലിയുന്ന നൂണ്ടു കയറ്റ ശ്രമങ്ങള്‍. armed reserve police ലെ battalion ആണെന്ന് തോന്നുന്നു സെക്യൂരിറ്റി ചുമതല. വല്ലാത്ത മൂച്ച്, മുതുകടിച്ചു പൊളിക്കുന്നു (ഈയടി പാകിസ്ഥാനികള്‍ക്ക് കൊടുത്തിരുന്നെങ്കില്‍ അവിടുത്തെ നുഴഞ്ഞു കയറ്റം എപ്പോഴേ നിന്നേനെ!)


അവസാന തുള്ളിയും അകത്തു ചെന്നപ്പോള്‍.. കൊള്ളാം ഒരു സ്പ്രിന്ടടിക്കാനുള്ള ആവേശം. ഇനി operation break in.. Steve McQueen ന്‍റെ Great Escape പലവട്ടം കണ്ടിട്ടുള്ളതിനാല്‍ ആ തീമില്‍ ഒരു reverse engineering നടത്തി മുരളിയും ഞാനും stage ന് പുറകിലെത്തി. പയ്യെ ഒര്‍ഗനൈസിംഗ് കമ്മിറ്റിയുടെ ഭാവത്തില്‍ തലയുയര്‍ത്തി നെഞ്ചു വിരിച്ചു നടന്ന് കായലിനരികത്തെ കരിങ്കല്‍ നടപ്പാതയിലെത്തി.


കസേരക്കാര്‍ക്ക് ചുറ്റും അട്ടി അട്ടിയായ്‌ നിന്ന് കാണുന്ന ജനത്തിനും, കായല്‍ ഭാഗത്തുള്ള കരിങ്കല്‍ കെട്ടില്‍ നിന്ന് രസിക്കുന്ന ഭാഗ്യവാന്മാര്‍ക്കുമിടയില്‍ തുള്ളുന്ന ആസ്വാദകര്‍. കായലില്‍ നിറയെ കൊച്ചു കൊച്ചു ബോട്ടുകളില്‍ നിറയെപ്പേര്‍.. വള്ളംകളി സമയത്ത് മാത്രം കാണാറുള്ള രംഗങ്ങള്‍. ഇതിനിടയില്‍ ഒന്ന് ശ്രദ്ധിച്ചു.. കായലില്‍ നിന്നും സംഗീതവും വെള്ളവും തലയ്ക്ക്‌ പിടിച്ച് വെള്ളത്തില്‍ ചാടി നീന്തി അടുക്കുന്നവന്മാരെ തലങ്ങും വിലങ്ങും മുതുകത്ത് ലാത്തി വീശി അടിച്ച് വെള്ളത്തിലെയ്ക്ക് തന്നെ വീണ്ടും തള്ളിയിടുന്ന പോലിസുകാര്‍.


ഒരേ തൂവല്‍ പക്ഷികളെ പ്പോലെ ഞങ്ങളുടെ മുഖം വാടി. അടി ഫ്രഷ്‌ വാങ്ങിക്കുന്നവരാണോ വീണ്ടും വീണ്ടും വാങ്ങിക്കുന്നവരാണോയെന്നറിഞ്ഞില്ല. കലാപരിപാടി കുറച്ചു നേരം കണ്ടു നില്‍ക്കെ രക്തം മിന്നല്‍ പിണര്‍ കണക്ക് തിളച്ചു കയറി - ഒരെണ്ണമങ്ങ് നീട്ടി..


ധാ കിടക്കുന്നു പോലിസുകാരന്‍ പുഴയില്‍. ഒരു നിമിഷം ജനത്തിന്‍റെ ശ്രദ്ധ തിരിഞ്ഞു പുഴയിലേയ്ക്ക് പോയ നേരം സ്തംഭിച്ചു നില്‍ക്കുവായിരുന്ന മുരളിയുടെ കയ്യും പിടിച്ച് വലിച്ച് ജനത്തിനിടയിലൂടെ ഊളിയിട്ടു മുങ്ങി. പൊങ്ങിയപ്പോള്‍ കണ്ടു ബെന്‍ഹര്‍ ഇരിക്കുന്നു രണ്ട് മൂന്ന് സീറ്റ്‌ അകലെ. അനിയന്‍റെ ക്ലാസ്സ്‌ മേറ്റ്‌ ആണ്. "നീങ്ങി ഇരിയെടാ.." അവനെ തിക്കി നീക്കി ഇടതും വലത്തും ഞങ്ങളെ പ്രതിഷ്ടിച്ചു. അവന് പ്രശ്നം മണത്തു.. "എന്തേ മാഷെ പ്രശ്നമേന്തെങ്കിലും..?"


"മിണ്ടല്ലെ" ഞാന്‍ പറഞ്ഞു - "ചിങ്ങന്മാരിപ്പോയെത്തും ആ ഭാഗത്തേയ്ക്ക് നോക്കണ്ട". പറഞ്ഞു തീരും മുന്‍പ് പോലിസുകാര്‍ ഇരമ്പിയെത്തി ചുറ്റിനും പരതി. ഞങ്ങള്‍ പാട്ടില്‍ ലയിച്ചു പാടി "ഒച്ചായെ ഓച്ച" "ഒയ്യെ ഓച്ച" "അല്ലോമ കൊഴുവ കൊഴുവ കൊഴുവ അല്ലോമ കൊഴുവ..".

No comments: